Wednesday, 10 September 2014

അയ്യങ്കാളി .. സാമൂഹ്യ നവോത്ഥാനത്തിന്റെ നായകൻ .
ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു കൊണ്ട് വില്ലുവണ്ടിയിലെത്തിയ കേരള സാമൂഹ്യ നവോത്ഥാ‍നത്തിന്റെ നായകൻ മഹാത്മാ അയ്യങ്കാളിയുടെ 151 -ം ജന്മവാർഷികമാണിന്ന് .
1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ഗ്രാമത്തിൽ പെരുങ്കാട്ടു വിള വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത് . മനുഷ്യൻ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അയ്യങ്കാളി കണ്ടത് . ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്കരണത്തിനുമെതിരെ പോരാടാൻ അദ്ദേഹം തീരുമാനിച്ചു . 28 ം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത് . അധസ്ഥിത ജന വിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളിൽക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു .
വിദ്യാഭ്യാസം നേടാൻ അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു . പുതുവൽ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തി സ്കൂളാക്കി ഉയർത്തുകയും ചെയ്തു . ഐതിഹാസികമായ കാർഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി മാറി . 1907 ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത് . അവർണരെ പ്രവേശിപ്പിക്കാനുള്ള സർക്കാർ ഉത്തരവുമായി ചാവടി നട സ്കൂളിലെത്തിയ അയ്യങ്കാളിയും സംഘവും സ്കൂൾ പ്രവേശനത്തിനെ എതിർത്തവരെ ശക്തമായി നേരിട്ടു . എങ്ങനെയും അവർണകുട്ടികളുടെ സ്കൂൾ പ്രവേശനം സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി എടുത്തത് ഈ സഭവത്തോടെയാണ്. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളിൽ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അയിത്തജന വിഭാഗങ്ങൾ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയപ്പോൾ എതിർക്കാനെത്തിയത് മുസ്ലിം മാടമ്പികളായിരുന്നു . അവിടെയും അയ്യങ്കാളിയുടെ നിശ്ചയ ദാർഢ്യം തന്നെ വിജയിച്ചു .
ശ്രീമൂലം പ്രജാ സഭയിൽ പുലയവിഭാഗത്തിന്റെ പ്രതിനിധിയായി സുഭാഷിണി പത്രാധിപർ പി കെ ഗോവിന്ദപ്പിള്ളയെ സർക്കാർ നോമിനേറ്റ് ചെയ്തുതോടെ ഒരു ജനതയുടെ സങ്കടങ്ങളും ആവശ്യങ്ങളും പ്രജാസഭയിൽ മുഴങ്ങിക്കേട്ടു തുടങ്ങി .പി കെ ഗോവിന്ദപ്പിള്ളയുടെ അഭ്യർത്ഥനയിലൂടെ പ്രജാ സഭയിൽ പുലയരിൽ നിന്നു തന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാൻ ദിവാൻ തീരുമാനിച്ചു .അങ്ങനെ 1911 ഡിസംബർ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു . 1912 ഫെബ്രുവരി 7 ന് അയ്യൻകാളി തന്റെ കന്നിപ്രസംഗം സഭയിൽ നടത്തി . വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യൻ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ് .
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലും മുഹമ്മയിലും പാറായിത്തരകന്റെ നേതൃത്വത്തിൽ നടന്ന മതപരിവർത്തന ശ്രമങ്ങളെ അയ്യങ്കാളി എതിർത്തു. അയ്യങ്കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകൻ പരസ്യ സംവാദം നടത്തുകയും മതപരിവർത്തന വാദം വിശാഖം തേവനു മുന്നിൽ പൊളിയുകയും ചെയ്തു . അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതിൽ നിന്നും പിന്തിരിയുകയും ചെയ്തു .
1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത് . വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാൻ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും സന്നിഹിതരായിരുന്നു . സ്വസമുദായത്തിൽ നിന്നും പത്ത് ബി എ ക്കാരുണ്ടാകാൻ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യർത്ഥന. പത്തല്ല നൂറു ബി എ ക്കാർ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി . തന്റെ വിദ്യാഭ്യാസ ഫണ്ടിൽ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു . ഗാന്ധിജിയുടെ സ്വാധീനത്താൽ അന്നു മുതൽ മരണം വരെ അയ്യങ്കാളി ഖദർ ധരിച്ചിരുന്നതായും ചരിത്രത്തിൽ രേഖപ്പെടുത്തുന്നു .
1941 നു ജൂൺ 18 ന് 77 -ം വയസ്സിൽ മഹാത്മാ അയ്യങ്കാളി അന്തരിച്ചു . നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തിയ , അസമത്വത്തിനെതിരെ പോരാടാൻ അവർക്ക് നേതൃത്വം നൽകിയ അയ്യങ്കാ‍ളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു .
Courtesy Janam TV

No comments:

Post a Comment